Total Pageviews

Friday 11 September 2015

ഗൂഗിള്‍ മാപ്പിലും

വീരമംഗലം സര്‍ക്കാര്‍ മാപ്പിള എല്‍ പി സ്കൂളിനെ ഗൂഗിള്‍ മാപ്പില്‍ അടയാളപ്പെടുത്തിയിരിക്കുന്നു. താഴെ കാണുന്ന ലിങ്കുളില്‍ നിന്ന് നിങ്ങള്‍ക്ക് മാപ്പില്‍ സന്ദര്‍ശനം നടത്താവുന്നതാണ്.
വീരമംഗലംസര്‍ക്കാര്‍ മാപ്പിള എല്‍ പി സ്കൂള്‍
VEERAMANGALAM GMLP SCHOOL

Saturday 5 September 2015

ഓണാഘോഷം


             സ്കൂളില്‍ എല്ലാ വര്‍ഷവും ഓണത്തോടനുബന്ധിച്ച് പൂക്കള മത്സരവും പ്രത്യേക സദ്യയും നല്‍കുന്നത് പതിവാണ്. ഓരോ ഓണത്തിനും വര്‍ദ്ധിച്ചു വരുന്ന രക്ഷിതാക്കളുടെ പങ്കാളിത്തം സ്കൂളിന് ആശ്വാസം പകരുന്നു. ഇത്തവണ ആഗസ്റ്റ് 19 അത്തം ദിവസമാണ് ഓണാഘോഷത്തിനായി പി ടി എ തെരഞ്ഞെടുത്തത്. രാവിലെ കുട്ടികളുടെ പൂക്കള മത്സരവും ഉച്ചക്ക് വിഭവ സമൃദ്ധമായ സദ്യയുമാണ് പി ടി എ ഒരുക്കിയിരുന്നത്.
പൂക്കള മത്സരം
             സ്കൂളിലെ മുഴുവന്‍ കുട്ടികളേയും തലേ ദിവസം തന്നെ 4 ഗ്രൂപ്പാക്കി തിരിച്ചു. ഓരോ ഗ്രൂപ്പിലും പ്രീ-പ്രൈമറി മുതല്‍ 5-ാം തരം വരെയുള്ള കുട്ടികള്‍ ഉള്‍പ്പെടുന്നു എന്ന് ഉറപ്പാക്കി. ഇലകള്‍, വാങ്ങിയ പൂക്കള്‍, ഉപ്പ്, കളര്‍പ്പൊടികള്‍ മുതലായവ ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശവും കൂടെ നല്കി. ഓരോ കുട്ടിയും അവരവരാല്‍ കഴിയുന്ന പൂക്കള്‍ ശേഖരിച്ചു കൊണ്ടുവന്നു. നിറങ്ങള്‍ക്കനുസരിച്ച് പൂക്കള്‍ തരം തിരിച്ചു. മുതിര്‍ന്ന കുട്ടികള്‍ പൂക്കള്‍ക്കനുസരിച്ച് വരച്ച കളങ്ങളില്‍ എല്ലാവരും ചേര്‍ന്ന് പൂക്കളമൊരുക്കി. പി ടി എ പ്രസിഡണ്ട് പി ടി അബ്ദുള്‍ റഹിമാന്‍, വൈസ് പ്രസിഡണ്ട് പി ടി ഹംസ, എസ് എസ് ജി വൈസ് ചെയര്‍മാന്‍ എം ടി മുഹമ്മദാലി എന്നവര്‍ ചേര്‍ന്ന് വിധി നിര്‍ണയം നടത്തി. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് Rolling trophy യും ഓരോ പാക്കറ്റ് മിഠായിയും സമ്മാനമായി നല്കി. സമ്മാനാര്‍ഹരായ ഓരോ ഗ്രൂപ്പും അന്നും അടുത്ത ദിവങ്ങളിലുമായി തങ്ങള്‍ക്കു ലഭിച്ച മിഠായികള്‍ സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും അവരുടെ വകയായി വിതരണം ചെയ്തു.
 ഓണസ്സദ്യ
                ഇത്തവണ സദ്യയ്ക്കാവശ്യമായ നാരങ്ങ അച്ചാര്‍, പുളിയേഞ്ചി എന്നിവ രക്ഷിതാക്കള്‍ വീട്ടില്‍ നിന്നും തയ്യാറാക്കി കൊണ്ടുവന്നു. ശര്‍ക്കര ഉപ്പേരി, കായ വറവ്, അട, പഞ്ചസാര, പച്ചക്കറികള്‍, തേങ്ങ, ശര്‍ക്കര, പഴം, പേപ്പര്‍ ഗ്ലാസ്സുകള്‍, പപ്പടം, എണ്ണ, വാഴയില എന്നിവ രക്ഷിതാക്കളും ബാക്കി അദ്ധ്യാപകരും സ്പോണ്‍സര്‍ ചെയ്തു. ആലോചന മുതല്‍ സാധനങ്ങളുടെ ശേഖരണം, പാചകം, വിളമ്പി നല്‍കല്‍, പാത്രം കഴുകി തിരിച്ചേല്‍പ്പിക്കുന്നതു വരെ ഒപ്പം പ്രവര്‍ത്തിച്ച എല്ലാ രക്ഷിതാക്കളോടുമുള്ള നന്ദി ഈ അവസരത്തില്‍ രേഖപ്പെടുത്തുന്നു.

Friday 4 September 2015

ചാന്ദ്ര വിജയദിനം

              

ചാന്ദ്രദിനത്തില്‍ സ്കൂളിലെ കമ്പ്യൂട്ടര്‍ റൂം താല്കാലികമായി മിനി തീയ്യേറ്ററാക്കി മാറ്റി. സ്കൂളിന്  സ്വന്തമായി പ്രൊജക്ടര്‍ ഇല്ലാത്തതിനാല്‍ തൊട്ടടുത്ത സര്‍ക്കാര്‍ ഹൈസ്കൂളില്‍ നിന്നും പ്രത്യേകാനുവാദത്തോടെ കൊണ്ടുവന്ന ഒരെണ്ണമുപയോഗിച്ച് നടത്തിയ പ്രദര്‍ശനത്തില്‍ ഉപഗ്രഹനിര്‍മ്മാണം, വിക്ഷേപണം, ബഹിരാകാശയാത്ര, യാത്രാനുഭവങ്ങള്‍, മറ്റൊരു ആകാശഗോളത്തില്‍ ഉപഗ്രഹവാഹനങ്ങള്‍ ഇറങ്ങുന്നതും മടങ്ങുന്നതും, മനുഷ്യന്‍ മറ്റൊരു ആകാശഗോളത്തില്‍ ഇറങ്ങുന്നതും നടക്കുന്നതും എല്ലാം വര്‍ദ്ധിതോത്സാഹത്തോടെ കുട്ടികള്‍ ശ്രദ്ധിച്ചു. ഇതു കൂടാതെ മന്ത്, ചിക്കുന്‍ഗുനിയ, ഡെങ്കിപ്പനി, ജലമലിനീകരണം, വനനശീകരണം എന്നിവക്കെതിരെ കേരള സര്‍ക്കാര്‍ പുറത്തിറക്കിയ ബോധവല്‍ക്കരണ സി ഡി കളും ചെര്‍ണോബില്‍ ആണവനിലയ ദുരന്തവും ഹിരോഷിമയില്‍ അമേരിക്ക ബോംബിടുന്നതും അതിന്റെ പരിണിത ഫലങ്ങളും എല്ലാം കുട്ടികളുടെ മനസ്സില്‍ മായാത്ത ഫ്രെയിമുകളായി. കടം വാങ്ങിയതിന്റെ ഉത്തരവാദിത്തഭാരവും കൊണ്ടുവന്ന ഈ ദിവസം കരണ്ടു പോകാതെ കിട്ടണേ എന്ന പ്രാര്‍ത്ഥനയും ഇല്ലാതെ, ആവശ്യമുള്ള സമയത്ത് എടുത്തു കാണിക്കാന്‍ ഒരു പ്രൊജക്ടര്‍ സ്കൂളിന് സ്വന്തമായി സമ്മാനിക്കാന്‍ സര്‍ക്കാരോ നാട്ടുകാരോ പൂര്‍വ വിദ്യാര്‍ത്ഥികളോ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു........

Wednesday 2 September 2015

മൈലാഞ്ചി മൊഞ്ച്

         





മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ചെറിയ പെരുന്നാളിനു മുമ്പ് കുട്ടികള്‍ക്കൊരു മത്സരം നടത്താനായി. പ്രീ- പ്രൈമറിയടക്കം മൊത്തം കുട്ടികളെ 10 ഗ്രൂപ്പുകളാക്കി. ഓരോ ഗ്രൂപ്പിലും ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് ഏറ്റവും ചന്തത്തില്‍ ഇടതുകൈയില്‍ മൈലാഞ്ചിയിടുന്ന ഗ്രൂപ്പിനായിരുന്നു സമ്മാനം. ഇല അരച്ചുണ്ടാക്കുന്ന മൈലാഞ്ചി വേണമെന്നത് നിര്‍ബന്ധമായിരുന്നു. ഇല അരച്ചതു കൊണ്ട് റ്റ്യൂബുണ്ടാക്കിയതും കൂടുതല്‍ നിറമുണ്ടാവാന്‍ പഞ്ചസാര ചൂടാക്കി ചേര്‍ത്തതും പുള്ളികളുണ്ടാവാന്‍ ചക്കപ്പശ(മുളഞ്ഞി) ഉരുക്കി ഒറ്റിച്ചതുമൊക്കെ ഗ്രൂപ്പ് രഹസ്യങ്ങളായിരുന്നു. ഒന്നും രണ്ടും സ്ഥാനം സ്ഥാനം നേടിയ ഗ്രൂപ്പുകളിലെ മുഴുവന്‍ അംഗങ്ങള്‍ക്കും സ്ഫടികഗ്ലാസ്സ് സമ്മാനമായി നല്‍കി.





പി ടി എ ജനറല്‍ ബോഡി

                 ഈ വര്‍ഷത്തെ പി ടി എ ജനറല്‍ബോഡി യോഗം 17/06/2015 ന് 2.00 മണിക്ക് നടന്നു. കഴിഞ്ഞ വര്‍ഷത്തെ സ്കൂള്‍ വാര്‍ഷികം അതിഗംഭീരമായതായി യോഗം വിലയിരുത്തി. സ്കൂളിന്റെ പ്രവര്‍ത്തന കലണ്ടര്‍ ജനറല്‍ കലണ്ടറിലേക്ക് മാറിയതിനെ പി ടി എ യോഗം സര്‍വാത്മനാ സ്വാഗതം ചെയ്തു. പ്രസിഡണ്ടായി ശ്രീ. പി ടി അബ്ദുള്‍ റഹിമാനേയും വൈസ് പ്രസിഡണ്ടായി ശ്രീ പി ടി ഹംസയേയും യോഗം തെര‍ഞ്ഞെടുത്തു.

പ്രസിഡന്റ് ശ്രീ.പി ടി അബ്ദുള്‍ റഹിമാന്‍
വൈസ് പ്രസിഡന്റ് ശ്രീ.പി ടി ഹംസ



പുതുവര്‍ഷത്തില്‍ സര്‍വാംഗ വിഭൂഷിതയായി

പഴയത്
പുതുക്കി പണിതതിനു ശേഷം
വീരമംഗലം സര്‍ക്കാര്‍ മാപ്പിള എല്‍ പി സ്കൂള്‍ പുത്തനുടുപ്പിട്ടാണ് പുതുവര്‍ഷത്തില്‍ കുട്ടികളെ എതിരേറ്റത്. എല്ലാ ക്ലാസ്സ് റൂമുകളും ഓഫീസും കമ്പ്യൂട്ടര്‍ റൂമും നിലം ടൈല്‍സ് പതിച്ചു. വരാന്തയോടൊപ്പം മുറ്റവും ടൈല്‍സിന്റെ പകിട്ടിലായതോടെ കുട്ടികള്‍ അതിരറ്റ സന്തോഷത്തിലാണ്. ശ്രദ്ധയോടെ പരിപാലിക്കുന്ന ടോയ് ലറ്റുകള്‍ 4 ഉം പുത്തന്‍ ടൈല്‍സിലായ തോടെ ശങ്ക തീര്‍ക്കലിന്റെ എണ്ണം കൂടുതലാണ്. സ്കൂളിന്റെ പുറം ചുമരുകള്‍ മനോഹരമായ ചിത്രങ്ങള്‍ സ്ഥാനം പിടിച്ചിരിക്കുന്നു. പ്രീ- പ്രൈമറി ചുമരുകള്‍ കുട്ടികള്‍ക്ക് വാതോരാതെ സംസാരിക്കാന്‍ വിഭവങ്ങളാല്‍ സമൃദ്ധമാണ്. അടുക്കളയും കൂട്ടത്തില്‍ പുകയില്ലാത്ത അടുപ്പും ടൈല്‍സുമായി ഒപ്പം മല്‍സരിച്ചു. കൂട്ടത്തില്‍ ഒരു വിറകു പുരയും സ്കൂളിലായി. ഇതിനെല്ലാം ഫണ്ടനുവദിക്കുകയും കൃത്യമായ വിനിയോഗം ഉറപ്പുവരുത്തുകയും ചെയ്ത തൃക്കടീരി ഗ്രാമ പഞ്ചായത്തിനോടുള്ള നന്ദി ഈ അവസരത്തില്‍ രേഖപ്പെടുത്തുന്നു.



Tuesday 21 July 2015

വായനാ ദിനം / വായനാ വാരം




 ഇത്തവണ വായനാദിനത്തില്‍ സ്കൂളിലെ മുഴുവന്‍ കുട്ടികളും വായന ഒരു യജ്ഞമായി ഏറ്റെടുത്തു. 1,2,3,4 ക്ലാസ്സിലെ കുട്ടികള്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എല്‍ പി കുട്ടികളുടെ വായനയെ പരിപോഷിപ്പിക്കാന്‍ വേണ്ടി തയ്യാറാക്കിയ 'അക്ഷരപ്പൂമഴ', 'പുസ്തകപ്പൂമഴ' പുസ്തകങ്ങള്‍ ഗ്രൂപ്പായിരുന്ന് മുഴുവന്‍ വായിച്ചു തീര്‍ത്തു. 1,2 ക്ലാസ്സുകാര്‍ സെറ്റ് ഒന്നും 3,4 ക്ലാസ്സുകാര്‍ സെറ്റ് രണ്ടുമാണ് വായിക്കാന്‍ വേണ്ടി തെരഞ്ഞെടുത്തത്. അഞ്ചാം ക്ലാസ്സിലെ കുട്ടികള്‍ പരിഷത്തിന്റെ തന്നെ 'വിജ്ഞാനപ്പൂമഴ' ഗ്രൂപ്പായിരുന്ന് വായിച്ചു. 3,4,5 ക്ലാസ്സിലെ കുട്ടികളില്‍ ഒരാഴ്ച കൊണ്ട് ഏറ്റവും കൂടുതല്‍ പുസ്തകം വായിച്ച് ആസ്വാദനക്കുറിപ്പ് തയ്യാറാക്കി നല്‍കിയ കുട്ടിക്ക് യൂറീക്ക സ്പെഷ്യല്‍ പതിപ്പ് സമ്മാനമായി നല്‍കി. അമ്മമാര്‍ക്ക് വേണ്ടി സംഘടിപ്പിച്ച വായനാ മത്സരത്തിന് ആവേശകരമായ വരവേല്‍പ്പാണ് ലഭിക്കുന്നത്. ഒരു വര്‍ഷം കൊണ്ട് ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ സ്കൂള്‍ ലൈബ്രറിയില്‍ നിന്നെടുത്ത് വായിക്കുകയും അവയുടെ ആസ്വാദനക്കുറിപ്പുകള്‍ സ്കൂളിലേല്‍പ്പിക്കുകയും ചെയ്യുന്ന അമ്മക്ക് സ്കൂള്‍വാര്‍ഷിക ദിവസം  സമ്മാനം എന്നതാണ് മത്സരം.












Friday 10 July 2015

സ്കൂള്‍ ബാലസഭ ഉദ്ഘാടനം


                    സ്കൂള്‍ ബാലസഭ ഉദ്ഘാടനം ഇത്തവണ വ്യത്യസ്തത പുലര്‍ത്തി. പതിവു പ്രസംഗ രീതിയില്‍ നിന്ന് വ്യത്യസ്തമായി അറിയപ്പെടുന്ന ഒരു കലാകാരനെ പരിചയപ്പെട്ടു കൊണ്ടാണ് ഇത്തവണ ഉദ്ഘാടനം നടന്നത്. അരിയൂര്‍ എ എല്‍ പി സ്കൂളിലെ അദ്ധ്യാപകനും  മൃദംഗവാദനത്തില്‍ പ്രഗല്‍ഭനും ഗുരുവുമായ ശ്രീ. കെ.ബാബുരാജ് മാഷാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കുട്ടികളുടെ മനസ്സിലും ചലനത്തിലും താളം വരുത്തിക്കൊണ്ട് പ്രശസ്ത കവി ശ്രീ.ബോധേശ്വരന്റെ കേരളഗാനം അദ്ദേഹം ആലപിച്ചത് കുട്ടികള്‍ മനം നിറഞ്ഞ് പാടി. തുടര്‍ന്ന് അദ്ദേഹം മൃദംഗത്തെ കുട്ടികള്‍ മനസ്സിലാക്കിയ താളത്തില്‍ കൊട്ടിതുടങ്ങി ഒരു

Thursday 9 July 2015

പ്രവേശനോത്സവം

കുട്ടികളില്‍ കുറവില്ലാതെ ധാരാളം രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ ഇത്തവണ പ്രവേശനോത്സവം ഗംഭീരമായി. പ്രവേശനോത്സവഗാനം കുട്ടികളോടൊപ്പം  രക്ഷിതാക്കളും ഏറ്റു പാടി. തുടര്‍ന്ന് കുട്ടികളും രക്ഷിതീക്കളും അദ്ധ്യാപകരും ചേര്‍ന്ന് വിളംബര ജാഥ നടത്തി. ജാഥയില്‍ പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും മതിയാവോളം ജ്യൂസ് സ്കൂളില്‍ തന്നെ ഉണ്ടാക്കി നല്കി. എല്ലാവര്‍ക്കും ലഡു വിതരണം ചെയ്ത് പ്രവേശനോത്സവം കൂടുതല്‍ മധുരതരമാക്കി. തുടര്‍ന്ന് പ്രവേശനോത്സവം ഉദ്ഘാടന ചടങ്ങ് നടന്നു. തൃക്കടീരി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാനും വാര്‍ഡ് മെമ്പറുമായ ശ്രീ. ടി .കുട്ടികൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.ഒ.കെ.സെയ്തലവി ഉദ്ഘാടനം ചെയ്തു. മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ഉണ്യേന്‍ കുട്ടി ഹാജി, പി.ടി.എ പ്രസിഡണ്ട് ശ്രീ.അബ്ദുള്‍ റഹിമാന്‍, മുന്‍ പി.ടി.എ പ്രസിഡണ്ട് ശ്രീ.എം.ടി.ഹൈദരലി എന്നിവര്‍ സംസാരിച്ചു. സ്കൂളിലെ നഴ്സറി മുതല്‍ അഞ്ചാം ക്ലാസ്സ് വരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും ആവശ്യമുള്ള മുഴുവന്‍ നോട്ടുപുസ്തകവും ഇത്തവണയും സൗജന്യമായി നല്കി. വിതരണം  വൈസ് പ്രസിഡണ്ട്, മെമ്പര്‍ എന്നിവര്‍ നിര്‍വഹിച്ചു. നഴ്സറിയിലും ഒന്നാം ക്ലാസ്സിലും ഉള്ള മുഴുവന്‍ കുട്ടികള്‍ക്കും ഇത്തവണയും പഠനോപകരണവിതരണം നടത്തി. ഉണ്യേന്‍ കുട്ടി ഹാജി, ഹൈദരലി, പി.ടി.എ പ്രസിഡണ്ട് എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തു.