Total Pageviews

Saturday 5 September 2015

ഓണാഘോഷം


             സ്കൂളില്‍ എല്ലാ വര്‍ഷവും ഓണത്തോടനുബന്ധിച്ച് പൂക്കള മത്സരവും പ്രത്യേക സദ്യയും നല്‍കുന്നത് പതിവാണ്. ഓരോ ഓണത്തിനും വര്‍ദ്ധിച്ചു വരുന്ന രക്ഷിതാക്കളുടെ പങ്കാളിത്തം സ്കൂളിന് ആശ്വാസം പകരുന്നു. ഇത്തവണ ആഗസ്റ്റ് 19 അത്തം ദിവസമാണ് ഓണാഘോഷത്തിനായി പി ടി എ തെരഞ്ഞെടുത്തത്. രാവിലെ കുട്ടികളുടെ പൂക്കള മത്സരവും ഉച്ചക്ക് വിഭവ സമൃദ്ധമായ സദ്യയുമാണ് പി ടി എ ഒരുക്കിയിരുന്നത്.
പൂക്കള മത്സരം
             സ്കൂളിലെ മുഴുവന്‍ കുട്ടികളേയും തലേ ദിവസം തന്നെ 4 ഗ്രൂപ്പാക്കി തിരിച്ചു. ഓരോ ഗ്രൂപ്പിലും പ്രീ-പ്രൈമറി മുതല്‍ 5-ാം തരം വരെയുള്ള കുട്ടികള്‍ ഉള്‍പ്പെടുന്നു എന്ന് ഉറപ്പാക്കി. ഇലകള്‍, വാങ്ങിയ പൂക്കള്‍, ഉപ്പ്, കളര്‍പ്പൊടികള്‍ മുതലായവ ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശവും കൂടെ നല്കി. ഓരോ കുട്ടിയും അവരവരാല്‍ കഴിയുന്ന പൂക്കള്‍ ശേഖരിച്ചു കൊണ്ടുവന്നു. നിറങ്ങള്‍ക്കനുസരിച്ച് പൂക്കള്‍ തരം തിരിച്ചു. മുതിര്‍ന്ന കുട്ടികള്‍ പൂക്കള്‍ക്കനുസരിച്ച് വരച്ച കളങ്ങളില്‍ എല്ലാവരും ചേര്‍ന്ന് പൂക്കളമൊരുക്കി. പി ടി എ പ്രസിഡണ്ട് പി ടി അബ്ദുള്‍ റഹിമാന്‍, വൈസ് പ്രസിഡണ്ട് പി ടി ഹംസ, എസ് എസ് ജി വൈസ് ചെയര്‍മാന്‍ എം ടി മുഹമ്മദാലി എന്നവര്‍ ചേര്‍ന്ന് വിധി നിര്‍ണയം നടത്തി. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് Rolling trophy യും ഓരോ പാക്കറ്റ് മിഠായിയും സമ്മാനമായി നല്കി. സമ്മാനാര്‍ഹരായ ഓരോ ഗ്രൂപ്പും അന്നും അടുത്ത ദിവങ്ങളിലുമായി തങ്ങള്‍ക്കു ലഭിച്ച മിഠായികള്‍ സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും അവരുടെ വകയായി വിതരണം ചെയ്തു.
 ഓണസ്സദ്യ
                ഇത്തവണ സദ്യയ്ക്കാവശ്യമായ നാരങ്ങ അച്ചാര്‍, പുളിയേഞ്ചി എന്നിവ രക്ഷിതാക്കള്‍ വീട്ടില്‍ നിന്നും തയ്യാറാക്കി കൊണ്ടുവന്നു. ശര്‍ക്കര ഉപ്പേരി, കായ വറവ്, അട, പഞ്ചസാര, പച്ചക്കറികള്‍, തേങ്ങ, ശര്‍ക്കര, പഴം, പേപ്പര്‍ ഗ്ലാസ്സുകള്‍, പപ്പടം, എണ്ണ, വാഴയില എന്നിവ രക്ഷിതാക്കളും ബാക്കി അദ്ധ്യാപകരും സ്പോണ്‍സര്‍ ചെയ്തു. ആലോചന മുതല്‍ സാധനങ്ങളുടെ ശേഖരണം, പാചകം, വിളമ്പി നല്‍കല്‍, പാത്രം കഴുകി തിരിച്ചേല്‍പ്പിക്കുന്നതു വരെ ഒപ്പം പ്രവര്‍ത്തിച്ച എല്ലാ രക്ഷിതാക്കളോടുമുള്ള നന്ദി ഈ അവസരത്തില്‍ രേഖപ്പെടുത്തുന്നു.

No comments:

Post a Comment